14 July 2011

വയ്യാവേലി ...


ഒരു കോട്ടയം യാത്രക്ക് ഇറങ്ങിയതാണ്. പതിവ് പോലെ ഓടി എത്തിയപ്പോഴേക്ക് ബസ്‌ അതിന്‍റെ വഴിക്ക് പോയി.
അര കിലോമീറ്റര്‍ ദൂരം ഉണ്ട് ബസ്‌ സ്റ്റോപ്പിലേക്ക്. കഷ്ടിച്ച് രണ്ടു കാല്‍ വയ്ക്കാവുന്ന തൊണ്ടിലൂടെ (ഇടുങ്ങിയ വഴി) വണ്ടി വരാന്‍ സമയം ആകുമ്പോള്‍ ഒറ്റ പാച്ചില്‍ ആണ്. കിട്ടിയാല്‍ കിട്ടി ...
ഷോര്‍ട്ട് കട്ട്‌ ഒക്കെ ആണ്, പക്ഷെ അതിലെ ഓടാന്‍ ചില്ലറ പ്രാക്ടീസ് ഒന്നും പോര. രണ്ട് വശത്തും മുട്ടറ്റം ഉയരത്തില്‍ കയ്യാലയും, വഴി നിറയെ മരത്തിന്റെ വേരുകളും ചരലും ഒക്കെ ഉണ്ട്.

അടുത്ത ബസ്‌ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞേ ഉള്ളു. ഒരു കിലോമീറ്റര്‍ നടന്നാല്‍ വേറൊരു ബസ്‌ റൂട്ട് ഉണ്ട്. വണ്ടീടെ സമയം നിശ്ചയം ഇല്ല. എന്നാലും വെച്ചുപിടിച്ചു.

10 മിനിട്ടുകൊണ്ട് സ്ഥലത്ത് എത്തി. ഒരു മുക്കവല. ബസ്‌ കാത്ത് ഒന്നുരണ്ട് പേര്‍ നില്‍പ്പുണ്ട്. ഞാനും ഒരരുകില്‍ ഇടംപിടിച്ചു. 18-20 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടിയും, 55-60 വയസ്സ് പ്രായമുള്ള ഒരു അച്ചായനും ആണ് താരങ്ങള്‍. പെങ്കൊച്ച് ഇടംവലം നോക്കാതെ ഒതുങ്ങി നിക്കുന്നു. അച്ചായി വാലിന് തീപിടിച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. കറുത്ത പാന്‍റും ഇളം മഞ്ഞ ഷര്‍ട്ടും കറുത്ത ഷൂസും വേഷം. ഇന്‍ ഷര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഭംഗിയായി വെട്ടി ഒതുക്കിയ താടി. ആകെ ഒരു ജന്റില്‍ ലുക്ക്‌ ഒക്കെ ഉണ്ട്. പക്ഷെ, ഇടത് കൈക്കകത്ത്‌ വലതു കൈ ചുരുട്ടി വെച്ച്, നോട്ടം നിലത്ത് ഉറപ്പിച്ചുള്ള ആ നടത്തത്തില്‍ ഒരു പിശക്.

കുറച്ചു കഴിഞ്ഞപ്പം സ്റ്റോപ്പിലേക്ക് ഒരു താരംകൂടി എത്തി. ഏകദേശം ഒരു 25 വയസ്സുള്ള സുന്ദരന്‍. നല്ല വേഗത്തില്‍ ആയിരുന്നു ചങ്ങായിടെ വരവ്. പെണ്‍കുട്ടി കണ്ണില്‍ പെട്ടതും ആള് സ്ലോ ചെയ്തു, ഗിയര്‍ ആന നടയിലേക്കു മാറ്റി. ഷര്‍ട്ട്‌ ഒക്കെ ഒന്നുടെ പിടിച്ചിട്ട്, മുടിയൊക്കെ കൈകൊണ്ട് ഒതുക്കി പയ്യെ നമ്മുടെ പുലിവാലന്‍ സാറിന്റെ പിന്നിലായി പെങ്കൊച്ചിനേം ഒന്ന് കണ്ണെറിഞ്ഞു സ്റ്റാന്റ് പിടിച്ചു.

പുലിവാലന്‍ നടത്തം നിര്‍ത്തി, ചുറ്റും ഒന്ന് നോക്കി. പിന്നെ അടുത്തുള്ള പെട്ടിക്കടക്കാരനോട് എന്തോ ചോദിച്ചു. മറുപടി കിട്ടേണ്ട താമസം, പഴയ പണി പിന്നേം തുടങ്ങി. ഇപ്രാവശ്യം നടത്തത്തിന് ഒപ്പം എന്തോ പിറുപിറുക്കുന്നുണ്ട്. ഇടക്ക് ഒന്ന് സ്ലോ ചെയ്തു, പയ്യെ തിരിഞ്ഞ് നമ്മുടെ സുന്ദരനോട് ഉച്ചത്തില്‍ ഒരു ചോദ്യം: "സുഹൃത്തേ ... അടുത്ത ബസ്‌ എപ്പഴാ.''

അപ്രതീക്ഷിത അറ്റാക്കില്‍ ചെക്കന്‍ ഒന്ന് ഞെട്ടി. പയ്യെ ശ്വാസം ഒന്ന് എടുത്തു, '' അറിയില്ല ചേട്ടാ, ഞാന്‍ ഇവിടുത്തുകാരന്‍ അല്ല. ആ കടയില്‍ ചോദിച്ചു നോക്കൂ''

പെട്ടെന്ന് പുലിവാലന്‍ സാറിന്‍റെ മട്ടുമാറി. കണ്ണ് തുറന്നു തള്ളി. മുഖത്ത് കടിച്ചു കീറാനുള്ള ഭാവം. ''കടയില്‍ ചോദിയ്ക്കാന്‍ നിന്‍റെ ശുപാര്‍ശ വേണ്ട. ഇതേ വര്‍ഗം തന്നാ അതിലും ഇരിക്കുന്നത്. മനുഷനെ സഹായിക്കാത്ത വക. പിന്നെ പറഞ്ഞത് എഴുതാന്‍ കൊള്ളില്ല.

പാവം സുന്ദരന്‍ വിളറി വെളുത്തു. ടവല്‍ എടുത്തു തെരുതെരെ മുഖം തുടക്കുന്നു. ഇടക്ക് ദയനീയമായി എന്നെയും പെണ്‍കുട്ടിയെയും ഒന്ന് പാളി നോക്കി. ലവളും ആകെ പേടിച്ച മട്ടാണ്. കടക്കാരന്‍ തല ഒന്ന് പുറത്തേക്കു നീട്ടി നോക്കി, അതേ സ്പീഡില്‍ വലിച്ചു.

രംഗം മൂത്തപ്പോഴേക്ക്, ആരോ അയച്ചിട്ട് എന്നപോലെ ഒരു കാലി ഓട്ടോ എത്തി. വേഗം ഞാന്‍ കൈ കാണിച്ചു. ഓട്ടോ പൂര്‍ണമായി നിന്നില്ല, അതിന് മുമ്പേ എന്റെ 10 അടി അപ്പുറം നിന്നിരുന്ന സുന്ദരന്‍ കണ്ണടച്ച് തുറക്കും മുമ്പ് വണ്ടിക്ക് അകത്തായി. ഓട്ടോ പുറപ്പെടും മുമ്പ് ചങ്ങായി സുന്ദരിയെ ഒന്നുകൂടി കണ്ണെറിഞ്ഞു. ചങ്ങായിടെ പരിഭ്രമവും ഓട്ടവും ഒക്കെ കണ്ടിട്ടാവും പെണ്‍കുട്ടി അവനെ നോക്കി ഊറി ചിരിച്ചു നില്‍ക്കുന്നു ... മുഖത്ത് ഒരു തെളിച്ചം വന്നു. ലവള്‍ ഒന്നു ചിരിച്ചല്ലോ എന്നാ മട്ട്!

അബി

3 comments:

ponmalakkaran | പൊന്മളക്കാരന്‍ said... മറുപടി

അടുത്ത ബസ്സ് എപ്പഴാ.............

Unknown said... മറുപടി

good......... :))

Anonymous said... മറുപടി

kollam, iniyum ezhuthi ezhuthi bus varunnathuvare ezhuthanam, best wishes,
Appachan