11 July 2011

സുഹൃത്ത് ...

                                                                                       
ഞങ്ങള്‍ ആറ് സുഹൃത്തുക്കള്‍... വ്യത്യസ്ത പ്രായത്തിലുള്ളവര്‍ ... ഒരു കാലത്തെ വലിയ ബിരുദമായ എസ്.എസ്.എല്‍.സിയും ഗുസ്തിയും കൈമുതല്‍, ഒരു പാത്രത്തില്‍ ഉണ്ട്, ഒരു പായില്‍ കിടന്ന് ഒരുമിച്ച് പോകാന്‍ ആഗ്രഹിച്ചവര്‍.


ജീവിതയാത്രയില്‍ ഓരോരുത്തരും ഓരോ ജോലികള്‍  കണ്ടെത്തി ... ഒരു ജോലിയിലും ഞാന്‍ സംതൃപ്തന്‍ ആയിരുന്നില്ല. എന്‍റെ സ്വപ്‌നങ്ങള്‍ നിറയെ സിനിമയും അതിലെ വര്‍ണ്ണ കാഴ്ചകളും ആയിരുന്നു...

പുതിയതായി  റിലീസാകുന്ന സിനിമ കാണുക എനിക്ക് ഒരു ഹരം ആയിരുന്നു. പടം കണ്ടു കൂട്ടുകാര്‍ക്ക് മുന്‍പില്‍ വിസ്തരിച്ചു അവതരിപ്പിക്കും. ശനിയാഴ്ചകളില്‍ ആറുപേരും ഒരുമ്മിച്ചു സെക്കന്റ്‌ ഷോക്ക് പോകും. രണ്ടു രൂപ ടിക്കറ്റ്‌ എടുത്ത് മൂട്ട കടിക്കുന്ന ബഞ്ചില്‍, കടിക്കുന്ന ഭാഗവും ചൊറിഞ്ഞ് വലിയ ഗമയില്‍ നിരന്ന് ഇരിക്കും. അവന്മാര്‍ സിനിമയില്‍  രസിച്ച് ഇരിക്കുമ്പോള്‍ ഞാന്‍ അതിലെ റെക്നിക്കിനെക്കുറിച്ച് പറഞ്ഞു തുടങ്ങും. ഇതു ക്രെയിന്‍ ഷോട്ട്, ഇതു ട്രോള്ളി ഷോട്ട് ...  അങ്ങനെ. അവരെ സിനിമ  കാണാനേ സമ്മതിക്കില്ല.

അങ്ങനെ അടക്കാനാകാത്ത എന്‍റെ സിനിമ പ്രേമം മൂത്ത് നില്‍ക്കുമ്പോഴാണ് കല്യാണം എടുക്കാന്‍ ക്യാമറയുമായി വന്ന ഒരു ചേട്ടനോട് അസിസ്റ്റന്റ്‌ ആയി കൂട്ടാമോ എന്ന് ചോദിച്ചത്. നല്ല സമയം ആയതുകൊണ്ടാവാം,  അദ്ദേഹം എന്നോട് കൂടെ കൂടിക്കോളാന്‍ പറഞ്ഞു. കുറച്ച് ദിവസംകൊണ്ട് എന്‍റെ ലക്‌ഷ്യം മനസിലാക്കിയ അദ്ദേഹം പ്രശസ്തനായ ഒരു സിനിമ ക്യാമറമാനെ എനിക്ക് പരിചയപ്പെടുത്തി. ഇരുപതിനായിരം രൂപ കൊടുത്താല്‍  സിനിമ ക്യാമറ പഠിപ്പിക്കാമെന്ന് അദ്ദേഹം ഓഫര്‍ ചെയ്തു. സന്തോഷവും സങ്കടവും കൂടിയ അവസ്ഥ. എന്റെ പ്രതികരണം ഒരു ചിരിയില്‍ ഒതുങ്ങി. അന്നത്തെ ഇരുപതിനയിരത്തിനു ഇന്നത്തെ രണ്ടു ലക്ഷത്തിന്റെ വിലയുണ്ടായിരുന്നു. "പോക്കറ്റില്‍ ഇരുപതു രൂപ ഉണ്ട്". വീട്ടിലേക്ക് തിരിച്ചുപോകാനുള്ള ബസ്‌ കൂലി.

മറുപടി ഒന്നും പറയാതെ ഞാന്‍ നാട്ടില്‍ എത്തി. കാര്യങ്ങള്‍ കേട്ടപ്പോള്‍ കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചു. ഞാന്‍ എന്താണെന്നും എന്‍റെ അവസ്ഥ എന്താണെന്നും അവര്‍ക്കല്ലേ അറിയൂ. സാധാരണക്കാരായ അവര്‍ക്കും എന്നെ സഹായിക്കാന്‍ നിര്‍വാഹമില്ല. എന്‍റെ സ്വപ്‌നങ്ങള്‍  കൊഴിഞ്ഞുതുടങ്ങി.

രണ്ടുദിവസം അവര്‍ക്കിടയില്‍ ഞാന്‍ മൂകനായി നടന്നു ...  എന്‍റെ  മൂകതയും നിരാശയും കണ്ട് കൂട്ടത്തില്‍ സാമ്പത്തികമായി കുറച്ച് ഉന്നതിയിലുള്ള കൂട്ടുകാരന്‍ ഇരുപതിനായിരം രൂപ പലിശക്ക് എടുത്തു തരാം എന്ന് പറഞ്ഞു. എങ്ങനെ വീട്ടുമേടാ എന്ന് ചോദിച്ചപ്പോള്‍, ''നിനക്ക് ഒരു ജോലി ആകുന്നത് വരെ ഞാന്‍ എങ്ങനെ എങ്കിലും കൊടുക്കാം, പിന്നീട് നീ എനിക്ക് തന്നാല്‍ മതി''  എന്ന് അവന്‍ പറഞ്ഞു. എന്‍റെ കണ്ണുകള്‍ നിറഞ്ഞു, സ്വപ്‌നങ്ങള്‍ വീണ്ടും ചിറകു വിടര്‍ത്തി. അങ്ങനെ ആ ചങ്ങാതി കൂട്ടത്തില്‍ നിന്നും ഞാന്‍ എറണാകുളം എന്ന മഹാനഗരത്തിലേക്ക് പറിച്ചു നടപ്പെട്ടു...

രണ്ട് വര്‍ഷത്തിനു ശേഷമാണ് എനിക്ക് ഒരു ജോലി കിട്ടുന്നത്. ഇതിനിടയില്‍, പത്തും രണ്ടായിരവും വീതം ഞാന്‍ അവനോടു ഏകദേശം മുപ്പതിനായിരം രൂപയോളം വാങ്ങിയിരുന്നു. കഴിഞ്ഞുപോയ രണ്ടുവര്‍ഷം എന്‍റെ കാര്യങ്ങളും വീട്ടുകാര്യങ്ങളും എല്ലാം നടന്നത് അവന്‍റെ കാരുണ്യം കൊണ്ടായിരുന്നു... ആദ്യമായി മൊബൈല്‍ ഫോണ്‍ വാങ്ങിയത് പോലും. ഇതിനിടെ ഒരിക്കല്‍പ്പോലും അവന്‍ പണം തിരികെ ചോദിച്ചില്ല ...

ശമ്പളം കിട്ടിത്തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ അവന് മാസംതോറും ആയിരം രൂപ വീതം കൊടുത്തു തുടങ്ങി. അങ്ങനെ അഞ്ചുവര്‍ഷം തുടര്‍ച്ചയായി. എനിക്ക് ഒരു കണക്കും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ എന്‍റെ വേറൊരു സുഹൃത്ത്‌ വിളിച്ചു ചോദിച്ചു നീ അവന്റെ പണം മടക്കി  കൊടുത്തോ എന്ന്.

''കൊടുക്കുന്നുണ്ട് എന്താടാ?''

''ഒന്നുമില്ല ... വല്ല കണക്കും ഉണ്ടോ എന്നറിയാന്‍ ചോദിച്ചതാ''

''കണക്കൊന്നും ഇല്ല.  ബാങ്കിലാ ഇടുന്നെ അതിന്‍റെ സ്ലിപ് ഉണ്ട്''

''എന്നാലും ഒരു കണക്കൊക്കെ വേണ്ടേ? ആറ്റില്‍ കളഞ്ഞാലും അളന്നു കളയണേ ... നീ ഏതായാലും അതൊക്കെ എടുത്തുവെച്ച് നോക്ക് എത്ര കൊടുത്തു എന്ന്.'' നാട്ടിലെയും വീട്ടിലെയും കുറേ വിശേഷങ്ങള്‍ പറഞ്ഞ് അവന്‍ ഫോണ്‍ വെച്ചു.

അവന്‍ പറഞ്ഞതിലും കാര്യമുണ്ട്. സ്ലിപ്പുകള്‍ എല്ലാം എടുത്ത് കണക്കു കൂട്ടി നോക്കിയ ഞാന്‍ ശരിക്കും ഞെട്ടി.  മുപ്പതിനായിരത്തിന് പകരം അറുപതിനായിരം രൂപ കൊടുത്തു കഴിഞ്ഞിരിക്കുന്നു. ഉടനെ എന്നെ സഹായിച്ച സുഹൃത്തിനെ വിളിച്ചു, ''അളിയാ ... ഞാന്‍ ഇനി എത്ര തരാന്‍  ഉണ്ടെടാ?''  സംശയത്തോടെയുള്ള ഒരു മറുചോദ്യം ആയിരുന്നു ഉത്തരം, ''എന്താ നീ ഇപ്പോള്‍ ചോദിക്കാന്‍ കാര്യം?

''ഏയ്‌ ഒന്നുമില്ലെടാ....എനിക്ക് കണക്കൊന്നും ഇല്ല, എത്രയുണ്ട്  എന്നറിയാന്‍ ചോദിച്ചതാ...'' എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു. അവന്‍ ഒന്ന് മൂളിയിട്ടു പറഞ്ഞു, ''അന്‍പതിനായിരം കൂടി ഉണ്ട്'' ഞാന്‍ ഞെട്ടി. അമ്പരപ്പ് മറച്ച് ചിരിച്ചുകൊണ്ട് തമാശ രൂപേണ അവനോടു ചോദിച്ചു, ''അളിയാ ഞാന്‍ എത്ര തന്നെടാ''... അറുപതിനായിരം എന്ന് മറുപടി തന്നു.  ''അപ്പോള്‍ ഞാന്‍ ഇനി അന്‍പതിനായിരം കൂടി തരണം അല്ലെ?''  മറുതലക്കല്‍ ഉം. എന്ന ശബ്ദം മാത്രം. ചിരിയോടെ, ''തരാം കേട്ടോട...'' എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

എന്‍റെ വിഷമം കണ്ട് അന്വേഷിച്ച കൂട്ടുകാരനോട് ഞാന്‍ എല്ലാം വിശദമായി പറഞ്ഞു. കാര്യങ്ങള്‍ കേട്ട അവന്‍  എന്നെ കുറെ ചീത്ത പറഞ്ഞു. ''ഛെ ...  ഇവനാണോ നീ വാതോരാതെ സംസാരിക്കാറുള്ള നിന്‍റെ ഉറ്റ സുഹൃത്ത്‌. കഷ്ടം !!!''.

''അതല്ല അളിയാ ... ഒന്നുമല്ലാതെ അലഞ്ഞ ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തിയത് അവന്‍ തന്ന പണംകൊണ്ടാ. രണ്ടുവര്‍ഷം അതിന്‍റെ പലിശ കൊടുത്തതും അവനാ.  എന്നോട് ഒരിക്കല്‍ പോലും ചോദിച്ചിട്ട് ഇല്ല. അപ്പോള്‍ അവന്‍ എത്ര ചോദിച്ചാലും ഞാന്‍ കൊടുക്കണ്ടേ. അതല്ലേ യഥാര്‍ത്ഥ സൗഹൃദം?

''എന്ത് പറഞ്ഞാലും ഞാന്‍ ഇത് സമ്മതിക്കില്ല. അവന്‍ നിന്നെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. നിന്നെ മനസിലാക്കാന്‍ പറ്റാത്ത ഇവനാണോ നിന്‍റെ സുഹൃത്ത്‌? നീ വേറെ ആരോടേലും ഇതുപറ.'' അവന്‍ ദേഷ്യപ്പെട്ട് നടന്നുപോയി

എന്‍റെ മനസ്സ് ആകെ കലങ്ങി. ''അവന്‍ എന്നെ പറ്റിക്കുമോ? അതിന്‍റെ ആവശ്യം അവനുണ്ടോ? ഏയ്‌ ... ഒരിക്കലും ഇല്ല. മറ്റാര് ചെയ്താലും അവന്‍ ചെയ്യില്ല,  അങ്ങനെ ഒക്കെ ചിന്തിക്കുന്നത് തന്നെ തെറ്റാണ്. എന്നെ ഈ നിലയില്‍ എത്താന്‍ സഹായിച്ചത് അവനാണ്.

അങ്ങനെ  വര്‍ഷം ഒന്ന് കൂടി കഴിഞ്ഞു. ഇപ്പോഴും ഞാന്‍ അവന് പണം നല്‍കുന്നുണ്ട്... അവന്‍ മതി എന്ന് പറയും വരെ അത് തുടരും... കാരണം, അവന്‍ എന്‍റെ " ഉറ്റ സുഹൃത്താണ്‌ ...."

ജിത്തു

1 comments:

Anonymous said... മറുപടി

Kittiyathu pora allea

By ... Santhosh, tvm