01 July 2011

വേദനയില്‍ ഒരോര്‍മ്മ

26/06/2007, തിങ്കള്‍

ഫ്രണ്ട്സ് ഒക്കെ തിരക്കില്‍ ആണെന്ന് തോന്നുന്നു. ആരുടേം അനക്കം ഇല്ല. എന്‍റെ മെസ്സേജുകളും മിസ്കോളുകളും ഒറ്റക്കും കൂട്ടായും മറുപടി ഇല്ലാതെ അലഞ്ഞു. ബാച്ചിലേഴ്സ് റൂമിലെ ചില ദിവസം അങ്ങനെയാണ്, ബോറടിച്ചു മരിക്കും.


അവസാനം ടീവി ഓണ്‍ ചെയ്ത് അതിന് മുന്നില്‍ ഇരുന്നു. 7 മണി ആയി. സീരിയലുകള്‍ തകര്‍ത്താടുന്ന സമയം. ചാനലുകള്‍ക്കിടയിലൂടെ പായുമ്പോഴാണ് ആശ്വാസമായി ഒരു മിസ്കോള്‍ എത്തുന്നത്. ദൈവമേ കത്തിവെക്കാന്‍ പറ്റിയ ആരേലും ആയിരിക്കണേ, എന്ന് പ്രാര്‍ത്ഥിച്ച് ഫോണ്‍ എടുത്തു. അമ്പി ആണ്. എന്‍റെ ഒരു അനിയത്തിക്കുട്ടി.

ടീവി നിര്‍ത്തി ഫോണിന് അടുത്ത് എത്തിയപ്പോഴേക്ക് അമ്പിടെ മിസ്കോള്‍ വീണ്ടും എത്തി. 

വല്ലപ്പോഴും എത്തുന്ന ഒരു അതിഥി ആണ് അമ്പിടെ മിസ്കോള്‍.  സങ്കടം വരുമ്പോഴോ, എന്തെങ്കിലും പരിഭവം പറയാനോ ഒക്കെ ആണ് അമ്പി വിളിക്കുക. സ്വന്തം കാര്യം അങ്ങനെ എല്ലാരോടും പറയുന്ന കൂട്ടത്തില്‍ അല്ല അവള്‍. എന്നോട് എന്തോ ഒരു പ്രത്യേക സ്നേഹം ആയിരുന്നു അവള്‍ക്ക്.

പേര് പോലെ തന്നെ ഒരു പാവം തുമ്പി. ഇരു നിറത്തില്‍ മെലിഞ്ഞു കതിര് പോലൊരു കുട്ടി. വിടര്‍ന്ന വലിയ കണ്ണുകള്‍. അമ്പിടെ ആകര്‍ഷണം മെലിഞ്ഞ മുഖത്തെ  കഥപറയുന്ന ആ കണ്ണുകളും വാതോരാതെ ഉള്ള സംസാരവും ആയിരുന്നു.

എന്‍റെ ഹലോ തീരും മുമ്പേ അമ്പിയുടെ നേര്‍ത്ത ശബ്ദം കാതിലേക്ക് ഒഴുകിയെത്തി. ആ ഹലോ... എന്തെടുക്കുവാ ...

ഞാന്‍ : വെറുതെ ടീവിടെ ഇങ്ങനെ മുന്നില്‍ ...

അമ്പി : ഇന്നെന്താ പഞ്ചാര അടിക്കാന്‍ ആരേം കിട്ടീല്ലേ ... അല്ല എന്‍റെ മിസ്ഡ് കണ്ട ഒടനെ തിരിച്ചു വിളിച്ചകൊണ്ട് ചോദിച്ചതാ ...

ഞാ : ആക്കീതാ അല്ലേ?

അമ്പി : ഹേയ് ... അങ്ങനെ തോന്നിയോ? ഇന്ന് ഓഫീസില്‍ പോയില്ലേ ...

ഞാ : ഉം, രാവിലെ ആരുന്നു. മോള്‍ കടയില്‍ പോയില്ലേ?

(അമ്പി കോട്ടയത്ത്‌ ഒരു കടയില്‍ സെയില്‍സ് ഗേള്‍ ആയി പോകുന്നുണ്ട്. ശ്വാസം മുട്ടലും നെഞ്ച് വേദനയും അമ്പിടെ കൂടെപ്പിറപ്പ്‌ ആയതുകൊണ്ട് ഇടയ്ക്ക് അവധി എടുക്കുക അവള്‍ക്ക് പതിവാണ്.)

അമ്പി : ഉം. വീട്ടിലേക്ക്‌ പോണ വഴിയാ. ഞാന്‍ ശാസ്ത്രി റോഡില്‍ വന്നപ്പോഴേക്ക്‌ വണ്ടി പോയി.

ഞാ: എന്ത് പറ്റി പതിവില്ലാതെ അബിചേട്ടനെ ഓര്‍ക്കാന്‍, എന്തോ പറയാന്‍ ഉണ്ടല്ലോ. അപ്പുറത്ത് കൊച്ചു കുട്ടികളുടെത് പോലത്തെ നിഷ്കളങ്കമായ ചിരി. "പോടോ കളിയാക്കാതെ, എനിക്ക് അല്ലാതെ ഇയാളെ വിളിച്ചൂടെ ..."

ഞാ : എന്‍റെ പോന്നോ ...  ഇന്ന് ആകാശം ഇടിഞ്ഞു വീണത്‌ തന്നെ. പക്ഷെ, എന്തോ പറയാന്‍ ഉണ്ട്. ഇല്ലേ ...

അമ്പി : എങ്ങനെ മനസ്സിലായി.

ഞാ : അതൊക്കെ ഉണ്ട്. എന്നോട് നുണ പറയുന്നത് സൂക്ഷിച്ചു വേണം.

അമ്പി : ഒരു നിമിഷം കഴിഞ്ഞ്...  അബിചേട്ടാ എനിക്ക് എന്തോ ആകെ ഒരു വല്ലായ്ക. പുറത്ത് ഒക്കെ വേദന എടുക്കുന്നു. വീട്ടില്‍ വിളിച്ചാ അമ്മ പേടിക്കും. അതാ അബിചേട്ടനെ വിളിച്ചേ. (വളരെ പതിയെ ഉള്ള അവളുടെ സംസാരം കേട്ടപ്പോഴേ എനിക്ക് തോന്നിരുന്നു എന്തോ മേലായ്ക ആണെന്ന്.)

ഞാ : എന്തുപറ്റി, പനിക്കുന്നുണ്ടോ, ഉച്ചക്ക് വല്ലതും കഴിച്ചോ?

അമ്പി : കഴിച്ചു, പനിക്കാന്‍ ആന്ന് തോന്നുന്നു.

ഞാ : വീട്ടില്‍ ചെന്ന ഉടനെ ഡോക്ടറുടെ അടുത്ത് പോണം ട്ടോ, അമ്മെ വിളിച്ച് ഞാന്‍ പറയാം.

അമ്പി : വേണ്ട, ചെന്നിട്ടു പൊയ്ക്കോളാം.

ഞാ : വേണ്ട, ഡോക്ടറെ കണ്ടിട്ട് വീട്ടിലേക്ക്‌ പോയാല്‍ മതി. അമ്മയോട്‌ പാമ്പാടിയിലേക്ക് വരാന്‍ പറ.

അമ്പി : ഉം. അബി ചേട്ടന്‍ ഇനി എന്നാ വരുന്നേ.
ഞാന്‍ അടുത്ത ഞായറാഴ്ച വരും. എന്താടാ...

അമ്പി : കഴിഞ്ഞയാഴ്ച വന്നതും ഞായറാഴ്ച അല്ലേ? ഞാന്‍ കാണാന്‍ വരണമെന്ന് വച്ചതാ. വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞ് ഓരോ പരിപാടിയില്‍ പെട്ട് പോയി. ആകെ ഒരു ഞാറാഴ്ച അല്ലേ ഉള്ളൂ. ആകെ ബിസിയാന്നെ ... അതും പറഞ്ഞ്‌ വേദനക്കിടയിലും ഒരു കുസൃതി ചിരി ...

ഞാ : അത് സാരമില്ല, ഇപ്രാവശ്യം നമുക്ക് കാണാട്ടോ.

അമ്പി : ഉം, മിട്ടായി കൊണ്ടുവരണേ ...
അബിചേട്ടാ വണ്ടി വരുന്നുണ്ട്, ഞാന്‍ പോവാട്ടോ, ഏട്ടന്‍ വരുമ്പം ഞാന്‍ വരവേ ...

ഞാ : ഡാ ... ചെന്നാല്‍ ഉടനെ ഡോക്ടറുടെ അടുത്ത് പോണം കേട്ടോ. നാളത്തേക്ക് വെക്കരുത്. ഇപ്പോഴത്തെ പനി വന്നാ പോകാന്‍ പാടാ.

അമ്പി : ആ, ഞാന്‍ പോവാണേ ...(പറഞ്ഞതും അവള്‍ കോള്‍ കട്ട്‌ ചെയ്തു.)

തുണി തേക്കലും മറ്റു അല്ലറ ചില്ലറ പരിപാടികളും ഒക്കെയായി ബാക്കി സമയം പോയത് അറിഞ്ഞില്ല. നാളെ രാവിലെ അഞ്ചിന് ആണ് ഡ്യൂട്ടി, നാലരക്ക് എഴുന്നേല്‍ക്കണം.  മഴക്കാലം ആയതുകൊണ്ട് രാവിലത്തെ ഡ്യൂട്ടി വലിയ പാടാ. കൊച്ചുവെളുപ്പാന്‍ കാലത്ത് എഴുന്നേക്കണം, തണുത്ത വെള്ളത്തില്‍ കുളിക്കണം. ഓര്‍ത്തപ്പം തന്നെ കുളിര് കോരാന്‍ തുടങ്ങി.

നേരത്തെ എഴുന്നേല്‍ക്കണ്ടത് കൊണ്ട് 10 മണിക്ക് തന്നെ കിടന്നു. പകല്‍ ഉറങ്ങാഞ്ഞത് കൊണ്ടാകും പെട്ടെന്ന് ഉറങ്ങിപ്പോയി. സാധാരണ കിടന്നു അര മണിക്കൂര്‍ എങ്കിലും കഴിയാതെ ഉറങ്ങാറില്ല.  മൊബൈല്‍ അടിക്കുന്നത് കേട്ടാണ് രാവിലെ  ഉണര്‍ന്നത്. സമയം 4.20.  10 മിനിട്ട് ഉറക്കം പോയ ദേഷ്യത്തോടെയാണ്‌ ഫോണ്‍ എടുത്തത്‌.

കൊച്ചുമോന്‍(എന്‍റെ സ്വന്തം അനിയന്‍) ആയിരുന്നു. ഫോണ്‍ എടുത്തതും ഹലോ ... അച്ചാച്ചാ അമ്പി മരിച്ചു എന്ന് അവന്‍ പറഞ്ഞതും ഒരുപോലെ കഴിഞ്ഞു.

പാതി ഉറക്കത്തില്‍ ആയിരുന്ന ഞാന്‍, "ഏത് അമ്പി' എന്ന് ചോദിച്ചു.

കൊച്ചു : ജോമോന്‍റെ ... (അമ്പിടെ സ്വന്തം ഏട്ടന്‍)

തലയില്‍ ഒരു വെള്ളിടി പാഞ്ഞപോലെ ... ശ്വാസം കിട്ടുന്നില്ല ... ഇടയ്ക്കു കൊച്ചുമോന്‍റെ സ്വരം കേട്ടു. ഞങ്ങള്‍ അവിടാ. 12 മണിക്ക് ആരുന്നു. രാവിലേം ഞാന്‍ സംസാരിച്ചതാ... അറ്റാക്ക്‌ ആരുന്നു.

ആകെ ഒരു ശൂന്യത ... എനിക്ക് ഒന്നും പറയാന്‍ കഴിയുന്നില്ല. തൊണ്ടയും നാവും വരണ്ടു. കുറെ നേരം അങ്ങനെ ഇരുന്നു. പിന്നെ പതുക്കെ എണീറ്റ്‌ വേറെ ആളെ വിളിച്ചു ഡ്യൂട്ടിക്ക് കയറാന്‍ ഏര്‍പ്പാട് ചെയ്തു. ആരോ നിയന്ത്രിക്കുന്ന പാവയെപ്പോലെ പല്ല് തേച്ചെന്ന് വരുത്തി. റൂമില്‍ നിന്ന് ഇറങ്ങി.

പത്ത് കഴിഞ്ഞപ്പോഴേക്ക്‌ ഞാന്‍ വീട്ടില്‍ എത്തി. ഭക്ഷണം ഉണ്ടാരുന്നെങ്കിലും കഴിക്കാന്‍ നിക്കാതെ വേഗം അമ്പിടെ വീട്ടില്‍ എത്തി. എന്നെ കണ്ടതും അതുവരെ ഏങ്ങി കരഞ്ഞിരുന്ന അവളുടെ അമ്മയും അനിയത്തിമാരും പതം പറഞ്ഞു പൊട്ടിക്കരഞ്ഞു.

എന്നോട് ഡോക്ടറുടെ അടുത്ത പോകാം എന്ന് സമ്മതിച്ചെങ്കിലും, അവള്‍ പോയിരുന്നില്ല. വീട്ടില്‍ ചെന്ന ഉടന്‍ കട്ടിലില്‍ കയറി കിടക്കുകാരുന്നു. വഴക്ക് പറഞ്ഞപ്പം, കുഴപ്പം ഇല്ലാ നാളെ പോകാം എന്നാരുന്നത്രേ അവളുടെ മറുപടി.

ആ ചെറിയ വീടിന്‍റെ മുന്‍ഭാഗത്തുള്ള കൊച്ചു മുറിയിലാണ് അവള്‍ കിടന്നിരുന്നത്. ഭിത്തിയില്‍ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അവളുടെ ആദ്യ കുര്‍ബാനയുടെ ഫോട്ടോയ്ക്ക് മുന്നില്‍. ശാന്തമായി ഉറങ്ങുന്ന കൊച്ചു കുട്ടിയെപ്പോലെ.

ഒരു നീണ്ട യാത്രക്കുള്ള ഒരുക്കത്തില്‍ ആയതിനാല്‍ ആകും, ഇക്കുറീം അവള്‍ക്ക് എന്നെ കണ്ടില്ല ... ഇനി എന്ന് കാണുമെന്നും ....
അബി പാമ്പാടി

2 comments:

ശ്രീ said... മറുപടി

വേദനിപ്പിയ്ക്കുന്ന ഓര്‍മ്മക്കുറിപ്പ്.

Anonymous said... മറുപടി

alaaas ...

by,
Sojan