07 October 2011

കൈമടക്ക്‌ കൊടുത്തില്ല, തല്ലിക്കൊന്നു ...


കുത്തഴിഞ്ഞ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഈ വാര്‍ത്ത ...

കൈക്കൂലി ചോദിച്ചിട്ട് കൊടുത്തില്ല എന്നതാണത്രെ കാരണം. മകനും ലോറി ക്ലീനറുമായ അശ്വിന്‍ നോക്കി നില്‍ക്കെയാണ് ഈ മഹാപാതകം അരങ്ങേറിയത്. ഒരു കോണ്‍സ്റ്റബിള്‍ ലോറി കൊണ്ടുപോയി പരിശോധിക്കുകയും അമിതഭാരം കയറ്റിയിട്ടില്ല എന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടും, ആര്‍.ടി.ഒ. 1,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 500 രൂപയില്‍ കൂടുതല്‍ കൊടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ ഡ്രൈവറെ ക്രൂരമായി മര്‍ദ്ധിച്ച് കൊലപ്പെടുത്തുകയായിരുന്നു.  പണത്തോടുള്ള ആര്‍ത്തി മൂത്ത് ജനസേവകനായ ഒരു ആര്‍.ടി.ഒ. കുടുംബം പോറ്റാനിറങ്ങിയ ഒരു ലോറി ഡ്രൈവറുടെ ജീവനെടുത്തു ...
ഇത് ഒരു ഉത്തര്‍പ്രദേശിന്റെ മാത്രം ശാപം അല്ല. ദൈവത്തിന്റെ സ്വന്തം നാടെന്നും, സാംസ്കാരിക കേരളം എന്നും ഒക്കെ നമ്മള്‍ അഭിമാനത്തോടെ പറയുന്ന നമ്മുടെ കേരളത്തിലും ഇത് പല രൂപത്തില്‍, ഭാവത്തില്‍ അരങ്ങേറുന്നു.
എന്റെ സുഹൃത്തിനുണ്ടായ അനുഭവം പറയാം. ചങ്ങായി ലൈസന്‍സ് എടുത്തു വണ്ടി ഓടിച്ചു തുടങ്ങുന്ന കാലം. ഒരു ദിവസം എറണാകുളത്ത് ഒരു പ്രധാന ജംഷനില്‍ സിഗ്നല്‍ കാത്തു കിടക്കുന്നു. കക്ഷിയുടെ സ്കൂട്ടറിന്റെ സ്ഥാനം ഏറ്റവും പിന്നിലാണ്. മഞ്ഞ ലൈറ്റ് തെളിഞ്ഞതും മുന്നിലുള്ള ശകടങ്ങള്‍ കുതിച്ച് പാഞ്ഞു. പിന്നാലെ നമ്മുടെ ചങ്ങായിയും വെച്ച് പിടിച്ചു. സിഗ്നല്‍ കടക്കും മുമ്പ് പോലീസ് യേമാന്റെ കൈ നീണ്ടു. വണ്ടി ഓടിച്ചു തുടങ്ങിയിട്ട് ആദ്യമായാണ് കക്ഷി കാക്കിയെ നേരിടുന്നത്. വണ്ടി ഒതുക്കി വളരെ വിനീതനായി ഓച്ചാനിച്ച് നിന്നു ...
"മഞ്ഞ ലൈറ്റ് തെളിഞ്ഞാല്‍ എന്താടോ ചെയ്യേണ്ടത്?: യേമാന്റെ ചോദ്യം.
"അത് ... സാര്‍ ... വണ്ടി പോകാന്‍ തയ്യാറാകണം ..."
"നീ എന്താ ചെയ്തത്?"
"അത് ... മുന്നിലുള്ള വണ്ടികള്‍ എടുത്തത്‌ കൊണ്ട് ..."
"മുന്നിലുള്ളവന്‍ ചെയ്യുന്നത് നോക്കി കാണിക്കാന്‍ ആണോ നിനക്ക് ലൈസന്‍സ് തന്നത്?
ഒരു കാര്യം ചെയ്യ്. നിനക്ക് ഞാന്‍ മൂന്ന് ഓപ്ഷന്‍ തരാം. ഒന്ന്: ഇവിടെ വെച്ച് തീര്‍ക്കാം, രണ്ട്: സ്റ്റേഷനില്‍ പോകാം, മൂന്ന്: കോടതിയില്‍ തീര്‍ക്കാം."
"ഇവിടെ തീര്‍ക്കാം സാര്‍, എന്ത് വേണേലും ചെയ്യാം ..."
"എന്നാ ഒരു 500 കൊട്"
അയ്യോ സാര്‍, ഞാന്‍ ഒരു ടെസ്റ്റ്‌ കഴിഞ്ഞ് വരുന്ന വഴിയാണ്,  എന്റെ കയ്യില്‍ അത്രയും കാശ് ഇല്ല"
"നിന്റെ കയ്യില്‍ എത്ര ഉണ്ട്"
"ഒരു അമ്പത്"
"ഛെ... അമ്പതോ ... ശരി ... ശരി വേഗം കൊടുത്തിട്ട് പോ"
ചങ്ങായി ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് കാശ് എടുത്ത് പരസ്യമായി നീട്ടി. "ഇതാ സാര്‍ പൈസ ..."

"ശ്ശെടാ ... നിന്നെക്കൊണ്ട് ഞാന്‍ തോറ്റു. ഇങ്ങനാണോ ഇതൊക്കെ കൈകാര്യം ചെയ്യേണ്ടത് ...
നീ പൈസ കൈവെള്ളയില്‍ വെച്ചിട്ട് എനിക്ക് ഒരു ഷേക്ക്‌ ഹാന്‍ഡ്‌ തന്നേ ..."
അങ്ങനെ ഒരു കൈ കൊടുക്കലില്‍ രൂപയും ഒതുക്കി യേമാന്‍ ചട്ടവും നിയമവും പഠിപ്പിച്ചു ചങ്ങായിയെ വിട്ടയച്ചു.

മറ്റൊരു ദിവസം ഈ ചങ്ങായി സഹോദരിയെ യാത്രയാക്കാന്‍ കുടുംബ സകുടുംബം ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ എത്തി. കാര്‍ നേരെ സ്റ്റാന്‍ഡില്‍ ഓടിച്ചു കയറ്റി, രണ്ടു ബസ്സിന് ഇടയ്ക്കു വണ്ടി മാന്യമായി പാര്‍ക്കും ചെയ്തു. കക്ഷി ചേച്ചിക്ക് പോകേണ്ട ബസ്സിന്റെ വിവരങ്ങള്‍ അന്വേഷിച്ചു തിരിച്ചു എത്തിയപ്പോഴേക്കും ഒരു പോലീസ് യേമാന്‍ കാറിന് അടുത്ത് സ്ഥാനം പിടിച്ചു.

"ആരുടെയാണ് ഈ കാര്‍?" 
"എന്റെയാണ് സര്‍..."
"സ്റ്റാന്‍ഡിനു അകത്ത് മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് അറിഞ്ഞൂടെ?

"അത് സര്‍ ... ചേച്ചിയെ യാത്രയാക്കാന്‍ വന്നതാണ്‌ ...?"
"അതിന് ... എടോ തന്റേത് അല്ലാതെ മറ്റ് ഏതെങ്കിലും വാഹനം ഇവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ടോ?"
തല ചൊറിഞ്ഞ്: "സാര്‍ എന്ത് വേണേലും ചെയ്യാം." (ആദ്യാനുഭവം ഗുരു !!)
"എന്നാ താന്‍ ഒരു കാര്യം ചെയ്യ് ... (സ്റ്റാന്‍ഡിന്റെ വലത്തേ അറ്റത്തേക്ക് ചൂണ്ടിക്കൊണ്ട്), ആ മതില്‍ കണ്ടോ, അതില്‍ ഒരു ബള്‍ബ്‌ ഇരിപ്പുണ്ട്. അവിടം വരെ ഒന്ന് നടന്നിട്ട് വാ."
"ശരി സാര്‍ .."
ചങ്ങായി വലിച്ചു വിട്ടു ... ക്രിക്കറ്റ്‌ കളിക്കാരന്‍ ക്രീസില്‍ ബാറ്റ് എത്തിച്ചു കുത്തി ഓടും പോലെ, ചെന്ന പാടെ തിരിച്ചെത്തി."
"സാര്‍ ... പോയി വന്നു."
"എന്നിട്ട് അവിടെ എന്തേലും വെച്ചോ ..."
"ഇല്ല സാര്‍ ..."
"ഹോ ... എടോ മനുഷ്യാ ആ ബള്‍ബിനു അടുത്ത് എന്തേലും വെച്ചിട്ട് വാ ..."
"ഇപ്പോഴാണ്‌ ചങ്ങായിക്ക് ലഡ്ഡു പൊട്ടിയത് ...!!!)
"ശരി സാര്‍ ..." 
പിന്നേം വെച്ച് പിടിച്ചു. പറഞ്ഞ പോലെ യേമാനുള്ള പടി മതിലില്‍ വെച്ച് തിരിച്ചു എത്തി ... എന്നിട്ട് ഉറക്കെ: "സാര്‍ നൂറു രൂപ അവിടെ വെച്ചിട്ടുണ്ട്, പറന്നു പോകാതിരിക്കാന്‍ അതിന് മുകളില്‍ ബുള്‍ബു എടുത്ത് വെച്ചിട്ടുണ്ട് ...."
"എടാ കൊച്ചനെ ഒന്ന് പതുക്കെ പറ, ഇതൊക്കെ കൈകാര്യം ചെയ്യുന്നതിന് ഒരു ഒരു ... ഇതൊക്കെ ഇല്ലേ ...

ശരി ശരി .. നീ വണ്ടി എടുത്ത് വന്ന വഴിയെ തന്നെ പോയാല്‍ മതി കേട്ടോ ... മറ്റേ വഴിയില്‍ എന്നെപ്പോലെ രണ്ട് പേര്‍ കൂടി നില്‍പ്പുണ്ട് !
100 രൂപയ്ക്ക് യേമാന്റെ കൂറ് !!!
ഇതും നമ്മുടെ ജനാധിപത്യത്തിന്റെ മുഖങ്ങളില്‍ ചിലത് മാത്രം

കൈക്കൂലി ജനാധിപത്യത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ ആകുമ്പോഴാണ് ജനം ലോക്പാല്‍ ബില്ലിന്റെയും അന്ന ഹസാരെയുടെയും പ്രസക്തി അന്വേഷിക്കുന്നത്. ഒരു ലോക്പാല്‍ ബില്ലിനോ, ഹസരയ്ക്കോ കുത്തഴിഞ്ഞ ഇന്ത്യന്‍ ജനാധിപത്യത്തെ തുന്നിചേര്‍ക്കാന്‍ കഴിയുമെന്ന് കരുതാന്‍ വയ്യ. ഹസരെയ്ക്ക് പിന്നിലെ രാഷ്ട്രീയം എന്തായാലും അഴിമതിക്ക് കടിഞ്ഞാണ്‍ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കുത്തക കമ്പനികളുടെ ചൊല്‍പ്പടിക്ക് വാലും മടക്കി നിന്ന്, അവശ്യ സാധനങ്ങളുടെ വിലയും, വണ്ടിക്കൂലിയും ഇന്ധന വിലയും ഒക്കെ വര്‍ധിപ്പിച്ചു 5 കൊല്ലം സ്വന്തം കുടുംബം പരിപോഷിപ്പിക്കാന്‍ ഓടിനടക്കുന്ന മന്ത്രിമാരും എം.എല്‍.എ.മാരും ... 

പൊതുജനം കഴുത അല്ല എന്ന് ഈ  രാഷ്ട്രീയ കോമരങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു
അബി

0 comments: