23 August 2011

ഒരു 'നുണ' കഥ


പ്രണയത്തെയും കുട്ടിക്കാല ഓര്‍മ്മകളെയും ഒക്കെ തൊട്ടുണര്‍ത്തി ഒരു കുളിര്‍ മഴ... 

പുതു മഴയത്ത് പൊഴിഞ്ഞു വീഴുന്ന ആലിപ്പഴം ഓടി നടന്ന് പെറുക്കിയത് ... ചാറ്റ മഴയത്ത് പാറിപ്പറന്ന്, റോഡിലെ മഴവെള്ളം ചാടി തെറിപ്പിച്ച്, ഓലക്കാറ്റാടി പറത്തി ...  കണ്ണി മാങ്ങയും ചാമ്പങ്ങയും പറിച്ച്, കൂട്ടുകൂടി നടന്നത്. ... ആശാന്റെ  മടിയില്‍ ഇരുന്ന് ആദ്യമായി മണലില്‍ ഹരീ ശ്രീ കുറിച്ച  നിമിഷങ്ങള്‍ ... പുത്തനുടുപ്പും നിക്കറും ഇട്ട് അച്ഛന്റെ/അമ്മയുടെ കയ്യില്‍ തൂങ്ങിയാടി, സ്കൂളില്‍ എത്തിയത്... പറഞ്ഞാലും എഴുതിയാലും തീരാത്ത സുഖകരമായ ഓര്‍മ്മകള്‍ ... സമയചക്രത്തിലേറി ഓര്‍മ്മചെപ്പിലെ ആ കുട്ടിക്കാലത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ... 


പൊന്‍കുന്നം സേക്രട്ട് ഹാര്‍ട്ട്‌ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. നമ്മുടെ ആക്ഷന്‍ സ്റ്റാര്‍ ബാബു ആന്റെണി പഠിച്ച സ്കൂള്‍! വഴിയില്‍ നിന്ന് ഏകദേശം ഒരു പതിനെട്ടടി ഉയരത്തില്‍ ആണ് സ്കൂളിന്റെ മുറ്റം. ഒരു പത്ത് നാല്‍പത്‌ നട ചവിട്ടിയാല്‍ സ്കൂളിന്റെ മുറ്റത്ത് എത്താം.
റോഡിന് അഭിമുഖമായിട്ടാണ്  യു.പി. ക്ലാസുകള്‍. ഒന്ന് മുതല്‍ നാല് വരെ മറ്റൊരു കെട്ടിടത്തിലും. ഈ കെട്ടിടത്തിന്റെ വലത്തേ അറ്റം റോഡിന്റെ വശത്താണ്. രണ്ടു കെട്ടിടങ്ങളും കൂടി, വഴിയരുകില്‍  ഒരു 'L' ഇടത്തോട്ട് തിരിച്ചിട്ടാല്‍ എങ്ങനെ ഇരിക്കും, അതുപോലെ ഉണ്ട്. എല്‍.പി. ക്ലാസ്സുകളുടെ മുന്നില്‍ മുറ്റത്തോട്ട് ഒരു 45 ഡിഗ്രി ചാഞ്ഞു കിടക്കുന്ന, പുല്ല് പച്ച വിരിച്ച സ്ഥലം ആയിരുന്നു ഞങ്ങളുടെ കളിസ്ഥലം. സ്കൂളിന്റെ കായിക മത്സരങ്ങളുടെ പ്രധാന വേദി. 'വലിയ ഗ്രൌണ്ട്' ആയിരുന്നതിനാല്‍ 100 മീറ്റര്‍ മുതലുള്ള ഓട്ട മത്സരങ്ങളുടെ ട്രാക്ക് വരച്ചിരുന്നത് റോഡില്‍ ആയിരുന്നു എന്നത് വേറെ കാര്യം!!! സ്കൂളിന്റെ പുറക്‌ വശം റബ്ബര്‍ തോട്ടമാണ്. നിറയെ കാട്ടുപയര്‍ പടര്‍ന്നു കിടന്നിരുന്ന ഈ തോട്ടവും ഞങ്ങളുടെ കളിസ്ഥലങ്ങളില്‍ ഒന്നായിരുന്നു.


സ്കൂള്‍ ഇല്ലാത്ത ഒരു ദിവസം, അമ്മയുടെയും അനിയന്റെയും കൂടെ ടൗണില്‍ നിന്ന് സാധനങ്ങള്‍ ഒക്കെ വാങ്ങി വരുന്ന വഴി മറിയാമ്മ ടീച്ചറുടെ മുന്നില്‍ ചെന്നുപെട്ടു. ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചര്‍(ഒന്നാം ക്ലാസ്സിലെ) ആണ് മറിയാമ്മ ടീച്ചര്‍. (കുട്ടിക്കാല ഓര്‍മ്മകളില്‍ ഉള്ള അപൂര്‍വ്വം കഥാപാത്രങ്ങളില്‍ ഒരാള്‍)


'ഇന്നലെ മോന്‍ വന്നിട്ട് വിശേഷം ഒന്നും പറഞ്ഞില്ലേ?' അമ്മയെ കണ്ടതും ടീച്ചര്‍ ചോദിച്ചു. 
'ഇല്ല പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല, എന്താ ടീച്ചറെ?'
'ഇന്നലെ ഞാന്‍ ഒന്നാംക്ലാസ്സിലെ മഹാന്മാരുടെ തുടയ്ക്ക് നിരത്തി ഒരു പൂശു പൂശി."
സ്കൂള്‍ ഇല്ലാത്തതിന്റെയും ടൌണില്‍ കങ്ങിയതിന്റെയും ഒക്കെ സന്തോഷം ഒരു നിമിഷം കൊണ്ട് ഡിം. എനിക്ക് കിണ്ണം കട്ടവന്റെ അവസ്ഥ, ഞാന്‍ പയ്യെ അമ്മയുടെ പുറകിലേക്ക് വലിഞ്ഞു.
ടീച്ചര്‍ തുടര്‍ന്നു, "ഞാന്‍ വെറുതെ ഒന്ന് വെളിയിലേക്ക് നോക്കുമ്പം ഇവന്മാര്‍ കയ്യാലയുടെ മുകളിലെ കമ്പി വേലിയില്‍ നിരന്ന് നിന്ന് റോഡിലെ കാഴ്ചകള്‍ കാണുന്നു. അവിടെന്നെങ്ങാനും താഴെ പോയാലത്തെ കാര്യം പറയണോ?, നിരത്തി ഓരോന്നു കൊടുത്താ ക്ലാസ്സില്‍ കയറ്റിയത്." (റോഡില്‍ നിന്ന് ഒരു 18  അടി ഉയരമുള്ള കയ്യാലയുടെ കാര്യം പറഞ്ഞില്ലേ, അതിന്റെ മുകളില്‍ അരുകിലായി ഈ കമ്പി വേലി)


അമ്മ: "കുളിപ്പിച്ചപ്പം തുടയിലെ പാട് ഞാന്‍ കണ്ടിരുന്നു. ചോദിച്ചപ്പം പയര്‍ വള്ളിയില്‍ തട്ടി വീണതാണ് എന്നാണ് അവന്‍ പറഞ്ഞത്.' അമ്പട കള്ളാ എന്ന് പറഞ്ഞു ചിരിച്ചോണ്ട് ടീച്ചര്‍ ഒന്ന് നോക്കി. ഞാന്‍ ഒന്നു കൂടി അമ്മയുടെ സാരിയുടെ പുറകിലേക്ക് മാറി. 

അടി കൊണ്ട് കുറച്ച് കഴിഞ്ഞപ്പോഴേക്ക്‌ ചൂരലിന്റെ പാട് തുടയില്‍ ചുവന്ന് തടിച്ചു പൊങ്ങി. കയ്യിലെ കുരുത്തക്കേടിന് കിട്ടിയതുകൊണ്ടാകും അടികൊണ്ടിട്ടും ആരും കരഞ്ഞില്ല. പക്ഷെ തുടയിലെ തടിപ്പിനു മുകളില്‍ കൈ ഓടിക്കുംതോറും, ഇത് വീട്ടില്‍ കാണുമല്ലോ, അറിയുമല്ലോ എന്നൊക്കെയായി വേവലാതി. സ്കൂളില്‍ നിന്ന് തല്ല് കൊള്ളല്‍ വളരെ അപൂര്‍വ്വം ആണ്. അപ്പോള്‍ പിന്നെ വീട്ടില്‍ അറിഞ്ഞാലത്തെ ചമ്മല്‍ പറയണ്ടല്ലോ. എന്ത് ചെയ്യാം, പിള്ളേരെ തല്ലിയാല്‍ ഇന്നത്തേതുപോലെ ചോദിയ്ക്കാന്‍ അന്ന് സര്‍ക്കാര്‍ വരില്ലാരുന്നു! തുടയിലെ പാട് വീട്ടില്‍ എന്തായാലും കാണും. ചോദിച്ചാല്‍ എന്ത് പറയുമെന്നായി പിന്നത്തെ ആലോചന. അങ്ങനെ ഞങ്ങള്‍ കുറച്ച് വീരന്മാര്‍ കൂടി ആലോചിച്ച് കണ്ടെത്തിയത് ആയിരുന്നു, പാവം പയറിനെ വില്ലന്‍ ആക്കിയുള്ള ഈ നുണ കഥ !!!

അബി


13 comments:

ponmalakkaran | പൊന്മളക്കാരന്‍ said... മറുപടി

ഓം ഹ്രീം...... മറിയാമ്മ ടീച്ചർ ഒരു വയസ്സത്തിയായി മാറട്ടെ......കുട്ടികളെ ക്രൂരമായി പീഠിപ്പിച്ച ടീച്ചറെ ശപിച്ചിരിക്കുന്നു..... ഇനി അബി ധൈര്യമായിരുന്നോളൂ.....

വെഡ് വെരിഫിക്കേഷൻ ഒഴിവാക്കൂ... ഇതൊരു ശല്യമാണ്.. ആരും കമന്റില്ല...

അബി said... മറുപടി

;-) രസം അല്ലേ പഴയ തല്ലുകൊള്ളിത്തരങ്ങള്‍ ഓര്‍ക്കല്‍

വേര്‍ഡ് വേരിഫികാറേന്‍ മാറ്റിട്ടുണ്ട് കേട്ടോ ... ഇനി മടിക്കരുതേ !!!

keraladasanunni said... മറുപടി

ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പലപ്പോഴും ഹൃദ്യമാണ്.

ദൃശ്യ- INTIMATE STRANGER said... മറുപടി

കുട്ടിക്കാലത്തെ കുറുമ്പുകള്‍ എന്നും സുഖം ഉള്ള ഓര്‍മ്മകള്‍ തന്നെ..ഈ പോസ്റ്റിനു നന്ദി

jayanEvoor said... മറുപടി

കൊള്ളാം!
രസകരമായ കാലം!

എനിക്കു കിട്ടിയത് ദാ ഇവിടെയുണ്ട്!
http://jayandamodaran.blogspot.com/2010/05/blog-post_26.html

അബി said... മറുപടി

കുറച്ചു തിരക്കിലാരുന്നു ... രണ്ടാഴ്ചയായി ബ്ലോഗില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല... എല്ലാവരെയും ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ സാധിച്ചതില്‍ സന്തോഷം ...

Anonymous said... മറുപടി

അച്ഛന്റെ/അമ്മയുടെ കയ്യില്‍ തൂങ്ങിയാടി, തൂങ്ങിയാടാന്‍ എന്താ കയ്യില്‍ ഊഞ്ഞാല്‍ ഉണ്ടായിരുന്നോ .

Anonymous said... മറുപടി

കൊള്ളാം . പക്ഷെ കഴിവതും മലയാള പദങ്ങള്‍ തന്നെ എഴുതാന്‍ ശ്രമിക്കുക . ഉദാഹരണത്തിനു സ്കൂള്‍ എന്നതിന് പകരം വിദ്യാലയം, റോഡ്‌ എന്നതിന് പകരം പാത എന്നിങ്ങനെ .

അബി said... മറുപടി

പ്രവാഹിനീ ... വേണ്ട മോളേ ... വേണ്ട മോളേ ... !!!

pravaahiny said... മറുപടി

എന്ത് വേണ്ട എന്നാ. ഒരു ബ്ലോഗ്‌ എഴുതുമ്പോള്‍ വായിക്കാന്‍ സുഖം തോന്നണമെങ്കില്‍ മലയാള പദങ്ങള്‍ തന്നെ കൂടുതല്‍ ഉപയോഗിക്കണം. എന്നാലെ ബ്ലോഗ്‌ ഭംഗി വരൂ . അത് കൊണ്ട് അഭിലാഷ് ശ്രദ്ധിക്കണം .

അബി said... മറുപടി

അത് സ്വീകരിച്ചു മകളേ !!! ഞാന്‍ മറുപടി പറഞ്ഞത് ഊഞ്ഞാല്‍ ആദ്യത്തെ കമന്റിന് ആണ് കുട്ടിയേ ..

pravaahiny said... മറുപടി

sheri sheri abhi. keep it up

sheyad said... മറുപടി

Abi Super..

psc hunt